വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. ‘ലൈഗര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ഫൈറ്റര്‍ എന്നായിരുന്നു നേരത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നത്. ബോക്സറുടെ വേഷത്തിലാണ് വിജയ് ചിത്രത്തിലെത്തുക.
ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരണ്‍ ജോഹര്‍ നിർമിക്കുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെ ആണ് നായിക. അനന്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. സ്റ്റൈലിഷ് മാസ് മസാല സിനിമകള്‍ ഒരുക്കാറുള്ള പുരി ജഗന്നാഥിന്റെ ഈ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയെ വ്യത്യസ്ത മേക്കോവറില്‍ കാണാന്‍ കഴിയും.
രമ്യ കൃഷ്ണന്, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിർമിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.
വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍. രാം പൊത്തിനേനി നായകനായ ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പുരി ജഗന്നാഥ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.
Content highlight: Vijay dewarakonda’s new film Liger