ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപിയെത്തുന്ന കാവല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്തിരിക്കുകയാണ്.
കസബ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസറില്‍ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ തിരിച്ചെത്തിയിരിക്കുകയാണ്. സുരേഷ് ഗോപിയുടെ മാസ്സ് ഡയലോഗും കൂടി ചേര്‍ന്നപ്പോള്‍ കാവല്‍ ടീസര്‍ ആരാധകരെ ത്രസിപ്പിക്കുകയാണ്.
ഗുഡ് വില്‍ എന്റെര്റ്റൈന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കാവല്‍ കൂടാതെ മറ്റു രണ്ടു ചിത്രങ്ങള്‍ കൂടി സുരേഷ് ഗോപി കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിലൊന്ന് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയന്പതാമത്തെ ചിത്രമാണ്.
1965–ൽ പുറത്തിറങ്ങിയ ഒാടയിൽ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി അഭിനയരംഗത്തെത്തുന്നത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള താരം ഇപ്പോൾ രാജ്യസഭാ എംപി കൂടിയാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്.