ഷോറൂമിൽ നിന്ന് വാഹനം വാങ്ങുമ്പോൾ തന്നെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെ ലഭിക്കുന്ന വിധത്തിൽ മോട്ടോർ വാഹന നിയമത്തിൽ മാറ്റം വരുന്നു. ഷോറുമിൽ ബുക്ക് ചെയ്ത വാഹനം ലഭ്യമാകുമ്പോൾ അത് ആർ.ടി.ഓഫീസ് മുഖേന രജിസ്റ്റർ ചെയ്ത നമ്പർ പ്ലേറ്റ് പതിച്ച ശേഷമേ പുറത്തിറക്കൂ. നിലവിൽ, വാഹനം വാങ്ങിയ ശേഷം ഒരു മാസം വരെ രജിസ്ട്രേഷൻ നമ്പരില്ലാതെ ഓടിക്കാൻ കഴിയും. ഇങ്ങനെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ഷോറൂമുകളിൽ നിന്ന് വാങ്ങി നിരത്തിലിറക്കിയതിൽ ആയിരത്തോളം വാഹനങ്ങൾക്ക് ഇതുവരെ രജിസ്റ്റർ നമ്പർ വാങ്ങിയിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ആ വാഹനങ്ങൾ എന്താവശ്യത്തിന് ,ആര് ഉപയോഗിക്കുന്നുവെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.സ്പോട്ട് രജിസ്ടേഷന്:
വാഹനം വാങ്ങുന്ന ആൾ തന്നെ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ആധാറിന്റെ കോപ്പി ഉൾപ്പെടെയുള്ള രേഖകൾ ഷോറൂം ഓഫീസിൽ ബന്ധപ്പെട്ട വിഭാഗത്തിൽ എത്തിക്കണം.
അവർ അതാത് ആർ.ടി ഓഫീസുകൾ മുഖേന രജിസ്ട്രർ നമ്പരിനുള്ള നടപടികളെടുക്കും. കൂടുതൽ സൗകര്യാർത്ഥം ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താം..
ഏത് ആർ.ടി ഓഫീസിലും രജിസ്റ്റർ ചെയ്യാംസംസ്ഥാനത്തെ ഏത് ആർ.ടി ഓഫീസിലും ഉടമയ്ക്ക് വാഹനം രജിസ്റ്റർ ചെയ്യാൻ സൗകര്യം നൽകുന്ന രീതി തിങ്കളാഴ്ച മുതൽ നിലവിൽ വരും. കേന്ദ്ര മോട്ടർ വാഹന നിയമ ഭേദഗതി അനുസരിച്ചാണിത്. . താമസിക്കുന്ന സ്ഥലം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം. കണ്ണൂരിൽ നിന്ന് വാഹനം വാങ്ങുന്ന തിരുവനന്തപുരം സ്വദേശിക്ക് വാഹനം രജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരത്ത് വരേണ്ട കണ്ണൂരിലെ ആർ.ടി ഓഫീസിൽ എത്തിയാൽ മതി. തിരുവനന്തപുരം നമ്പരിൽ രജിസ്റ്റർ ചെയ്ത് കിട്ടും. എന്നാൽ, സ്ഥിര താമസം കണ്ണൂരായ ഒരാൾക്ക് തിരുവനന്തപുരത്തു നിന്ന് വാഹനം വാങ്ങി തിരുവനന്തപുരം രജിസ്റ്റർ നമ്പർ (കെ.എൽ 01) ആവശ്യപ്പെടാൻ സാധിക്കില്ല. കണ്ണൂരിലെ നമ്പരിൽ ഇവിടെ രജിസ്റ്റർ ചെയ്യാനേ സാധിക്കൂ.കേന്ദ്രസർക്കാരിന്റെ പുതിയ മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള ഗതാഗതചട്ടങ്ങൾ നാളെമുതൽ നിലവിൽ വരും. നിയമലംഘനം നടത്തുന്നവർക്കുള്ള പിഴയും മറ്റ് ശിക്ഷകളും സംസ്ഥാന ഗതാഗത വകുപ്പ് അംഗീകരിച്ചു. ഇതുപ്രകാരം, മദ്യപിച്ച് വാഹനമോടിച്ചാൽ 2000 രൂപ പിഴ മുതൽ ആറുമാസം തടവ് വരെയാണ് ശിക്ഷ.
വാഹന പരിശോധനസമയത്ത് ഡ്രൈവറുടെ കൈവശം യഥാർത്ഥ രേഖകൾ ഇല്ലെങ്കിൽ 15 ദിവസത്തിനകം ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് ഹാജരാക്കണം. പരിശോധനസമയത്ത് ഉദ്യോഗസ്ഥന്റെ നിർദ്ദേശം അവഗണിക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാതിരിക്കുകയോ തെറ്റായ വിവരം നൽകുകയോ ചെയ്താൽ ഒരു മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ ആണ് ശിക്ഷ. നിയമപരമായി വാഹനം ഓടിക്കാൻ അധികാരമില്ലാത്ത ആൾ വാഹനം ഓടിച്ചാൽ വാഹനത്തിന്റെ ഉടമയിൽ നിന്ന് 1000 രൂപ പിഴ ഈടാക്കാം. മൂന്നുമാസം തടവും ലഭിക്കാം. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം തടവിനോ 500 രൂപ പിഴയ്ക്കോ ശിക്ഷിക്കാം. ലൈസൻസ് അയോഗ്യമാക്കപ്പെട്ടയാൾ വീണ്ടും ലൈസൻസിന് അപേക്ഷിക്കുകയോ കരസ്ഥമാക്കുകയോ ചെയ്താൽ 500 രൂപ പിഴയോ മൂന്നുമാസം തടവോ ലഭിക്കും. കൂടുതൽ വിശദീകരണങ്ങൾക്കായി മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് വാർത്താസമ്മേളനം നടത്തും.