സ്വന്തം ശരീരത്തിൽ വളർന്നു പിടിച്ച കമ്പിളി കാരണം നടക്കാൻ പോലും സാധിക്കാതെ ഒരു ചെമ്മരിയാട്. ഒടുവിൽ ശരീരത്തിൽ നിന്ന് എടുത്തു മാറ്റിയത് 35 കിലോയോളം കമ്പിളി. ബരാക്ക് എന്ന ചെമ്മരിയാടിനാണ് കമ്പിളി ഭാരത്തിൽ നിന്ന് ഒടുവിൽ മോചനമുണ്ടായത്. ഈ വലിയ ഭാരം കാരണം നേരെ ചൊവ്വെ ഒന്നു നടക്കാൻ പോലുമാകാത്ത സ്ഥിതിയിലായിരുന്നു ബരാക്ക്. മുഖത്തേക്കും കമ്പിളി രോമം വളർന്നതിനാൽ കാഴ്ചയ്ക്കും തകരാറുണ്ടായിരുന്നു.
ഓസ്ട്രേലിയയിലെ വിക്ടോറിയയ്ക്കു സമീപം ലാൻസ്ഫീൽഡിലെ വനമേഖലയിൽ നിന്നാണ് ബരാക്കിനെ നാട്ടുകാർ കണ്ടെത്തിയത്. ഒറ്റ നോട്ടത്തിൽ കാണുമ്പോൾ ഇതെന്തു ജീവിയാണെന്ന ആശ്ചര്യമായിരുന്നു കണ്ടെടുത്തവർക്ക്. ദേഹം മുഴുവൻ കട്ടിപിടിച്ച ഭീമൻ കമ്പിളി മൂടിയ ഒരു സത്വം.
അപൂർവ ജീയിയെ കണ്ട് ഞെട്ടിയ അധികൃതർ അവിടത്തെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. പിന്നീട് അധികൃതർ പരിശോധിച്ചപ്പോഴാണ് ജീവി ചെമ്മരിയാടാണെന്ന് മനസിലാക്കിയത്.
ഏതോ ഫാമിൽ വളർത്തിയിരുന്ന ബരാക്ക് അഞ്ച് വർഷം മുൻപ് അവിടെ നിന്നു ഓടി രക്ഷപ്പെട്ടാണ് കാട്ടിലെത്തിയതെന്നാണു കരുതപ്പെടുന്നത്. അന്നു മുതൽ അവന്റെ ശരീരത്തിൽ കമ്പിളി വളർന്നുകൊണ്ടേയിരിക്കുകയായിരുന്നു. ദീർഘകാലമായി മുറിച്ചു നീക്കാത്തതിനാൽ ഒന്നും രണ്ടുമല്ല, 35 കിലോ കമ്പിളിയാണ് അവന്റെ ദേഹത്തു കുന്നുകൂടി വളർന്നത്.
ചെവിയിൽ ഏതു ഫാമിലേതാണെന്നു വ്യക്തമാക്കിയുള്ള അടയാളമുണ്ടായിരുന്നെങ്കിലും തലയിലെ കമ്പിളി രോമം ഉരഞ്ഞതിനാൽ അതു നഷ്ടമായി. അതിനാൽ ഓസ്ട്രേലിയയിലെ മൃഗസംരക്ഷണ കേന്ദ്രമായ എഡ്ഗാർ സാങ്ച്വറിയിലേക്ക് അവനെ മാറ്റി.
ഏതായാലും കിട്ടിയ ഉടനെ തന്നെ ബരാക്കിന്റെ കമ്പിളി വെട്ടാനുള്ള ഏർപ്പാടാണ് സാങ്ച്വറി അധികൃതർ ആദ്യം ചെയ്തത്. ഒരു മണിക്കൂറോളം ചെലവിട്ടാണ് അവന്റെ ശരീരത്തിൽ നിന്ന് വമ്പിച്ച അളവിലുള്ള കമ്പിളി പ്രത്യേക കത്രിക ഉപയോഗിച്ച് നീക്കം ചെയ്തത്. ജഡ പോലെ കട്ടിപിടിച്ചിരുന്ന കമ്പിളിക്കുള്ളിൽ ചുള്ളിക്കമ്പുകൾ, മുള്ളുകൾ, ചെള്ളുകൾ, പുഴുക്കൾ, മറ്റു കീടങ്ങൾ എന്നിവയൊക്കെയുണ്ടായിരുന്നു. കമ്പിളി നീക്കം ചെയ്തപ്പോൾ ഇവയിൽ പലതും പുറത്തുചാടി.
കുറേക്കാലമായി തന്നെ കഷ്ടപ്പെടുത്തിയ കമ്പിളിപ്പുതപ്പ് പോയതോടെ ബരാക്കിന്റെ തനി സ്വരൂപം തെളിഞ്ഞു വന്നു. നന്നേ മെലിഞ്ഞു ക്ഷീണിതനായിരുന്നു അവൻ. വമ്പൻ മുടിവെട്ടിനു ശേഷം മരുന്നുകൾ കലക്കിയ വെള്ളത്തിൽ ഒരു കുളി കൂടിയായതോടെ ബരാക്ക് ഉഷാറായി.
സന്തോഷത്തോടെയും സമാധാനത്തോടെയും അവനിപ്പോൾ എഡ്ഗാർ സാങ്ച്വറി എന്ന തന്റെ പുതിയ അഭയ കേന്ദ്രത്തിലെ മറ്റ് ആടുകൾക്കൊപ്പം വസിക്കുകയാണ്. ബരാക്കിന്റെ ദേഹത്തു നിന്നെടുത്ത കമ്പിളി ഉപയോഗിച്ച് ഏകദേശം 62 സ്വെറ്ററുകളുണ്ടാക്കാം, അല്ലെങ്കിൽ 490 ജോടി സോക്സുകൾ.
ഇത്തരത്തിൽ കമ്പിളി വളർന്ന് ഭീകരരൂപിയായ ആദ്യത്തെ ചെമ്മരിയാടല്ല ബരാക്ക്. ഇതിനു മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. 2005ൽ ന്യൂസിലൻഡിൽ നിന്നും ഷ്രെക്ക് എന്നൊരു ചെമ്മരിയാടിനെ ഇതുപോലെ കിട്ടിയിരുന്നു. 27 കിലോ കമ്പിളിയായിരുന്നു ഷ്രെക്കിന്റെ ദേഹത്ത് ഉണ്ടായിരുന്നത്, ആറ് വർഷങ്ങളുടെ വളർച്ച. രാജ്യാന്തര മാധ്യമങ്ങളിലെല്ലാം വാർത്ത വന്നതോടെ ഷ്രെക്ക് ലോകപ്രശസ്തനായി.
Content Highlight: Barack was discovered by locals in the woods of Lansfield, near Victoria, Australia.