നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഗായകൻ, എഡിറ്റർ തുടങ്ങി നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് ബാലചന്ദ്രമേനോൻ. മലയാളം കൂടാതെ അന്യ ഭാക്ഷ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന നിരവധി താരങ്ങളെ തന്റെ സിനിമയിലൂടെ കൊണ്ടുവരാൻ കഴിഞ്ഞ സംവിധായകൻ കൂടിയാണ് ബാലചന്ദ്ര മേനോൻ. താരം തന്റെ ഓർമ്മകൾ പുതുക്കുന്ന ഈ അവസരത്തിൽ തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചു പറയുകയാണ് ഇപ്പോൾ.
ചെന്നൈയിൽ മാധ്യമപ്രവർത്തകനായി ജോലി നോക്കുന്ന സമയത്താണ് ഞാൻ ആദ്യമായി രജനികാന്തിനെ കാണുന്നത്. അന്ന് ഒരു ഹോട്ടലിൽ വെച്ചായിരുന്നു ഞാൻ അദ്ദേഹത്തെ കണ്ടത്. ഒരാൾ കുറെ ചെറുപ്പക്കാരുടെ നടുവിൽ നിന്നുകൊണ്ട് സിഗരറ്റ് മുകളിലേക്ക് എറിഞ്ഞു ചുണ്ടുകൊണ്ട് പിടിക്കുന്നു. ഓരോ തവണയും അദ്ദേഹം അങ്ങനെ ചെയ്യുമ്പോൾ ചുറ്റും കൂടി നിന്നവർ കയ്യടിക്കുകയും ആർത്തുവിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ആരാണ് ആ യുവാവ് എന്ന് ഞാൻ തിരക്കിയപ്പോൾ ഹോട്ടലിലെ ജോലിക്കാരൻ പറഞ്ഞു അയാൾ ഒരു മാജിക്ക് കാരൻ ആണെന്ന് തോനുന്നു സിഗരറ്റ് മുകളിലേക്ക് എറിഞ്ഞു ചുണ്ടുകൊണ്ട് പിടിക്കുന്നുണ്ടെന്നു. അഭിനേതാവ് കൂടിയാണെന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.
പിന്നീടൊരിക്കൽ ഞാൻ ഹോട്ടലിൽ ഇരുന്നു ആഹാരം കഴിഞ്ഞു കൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, സാർ എന്റെ പേര് ശിവാജി റാവു, ഞാൻ ഇവിടെ അഭിനയം പഠിക്കുകയാണ്. സിനിമയിൽ കയറണമെന്നാണ് ആഗ്രഹം, ഇതൊക്കെ എന്റെ കുറച്ചു ചിത്രങ്ങൾ ആണ്, ഇതൊക്കെ ഉൾപ്പെടുത്തി സാർ സാറിന്റെ പത്രത്തിൽ എന്നെ കുറിച്ച് ഒരു വാർത്ത നൽകാമോ എന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആ സംസാരത്തിൽ എനിക്ക് ആത്മാർത്ഥത തോന്നിയിരുന്നു. ഞാൻ ആ ചിത്രങ്ങൾ വാങ്ങിച്ചിട്ട് ന്യൂസ് ചെയ്യാം എന്ന് പറഞ്ഞു. ആ ചിത്രങ്ങൾ ഉൾപ്പെടുത്തി ഞാൻ വാർത്ത ഉണ്ടാക്കി പത്രത്തിലേക്ക് അയച്ചു. എന്നാൽ മേൽ അധികൃതർ ആ വാർത്ത പ്രസിദ്ധികരിച്ചില്ല. വെറുതെ ഇത് പോലെ ഒരു ന്യൂസിന് വേണ്ടി പത്രത്തിന്റെ വിലപ്പെട്ട സ്ഥലം കളയേണ്ടെന്നായിരുന്നു അവരുടെ പക്ഷം. എന്നാൽ പത്രത്തിൽ തന്റെ വാർത്ത വരുന്നതും നോക്കി ആ പയ്യൻ ഇരുന്നു.
കുറെ നാളുകൾ കഴിഞ്ഞിട്ടും വാർത്ത വരാതെ ആയപ്പോൾ അദ്ദേഹം എന്നെ കാണാൻ ശ്രമിക്കുമ്പോഴെക്കെ ഞാൻ ഒഴിഞ്ഞു മാറി നടന്നു. ഈ വിവരം എങ്ങനെ അദ്ദേഹത്തോട് പറയുമെന്നുള്ള ബുദ്ധിമുട്ടിൽ ആയിരുന്നു ഞാൻ. നാളുകൾക്ക് ശേഷം ശ്രീവിദ്യയുടെ ഒരു അഭിമുഖം എടുക്കുന്നതിനായി ഞാൻ അപൂർവ്വരാഗങ്ങൾ ചിത്രത്തിന്റെ സെറ്റിൽ പോയിരുന്നു. അവിടെ വെച്ച് ഒരാൾ എന്നോട് വന്നു സംസാരിച്ചു. സാർ എന്നെ ഓർക്കുന്നുണ്ടോ? എന്റെ പേര് ശിവാജി റാവു, ഒരു വാർത്ത കൊടുക്കുന്നതിനായി ഞാൻ സാറിനെ വന്നു കണ്ടിരുന്നു. ബാലചന്ദർ സാർ ഈ ചിത്രത്തിൽ എനിക്ക് ഒരു വേഷം തന്നിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. വാർത്ത വരാഞ്ഞതിന്റെ കാരണം ഞാൻ അപ്പോൾ അദ്ദേഹത്തിനോട് പറയുകയും ചെയ്തു.
അഭിമുഖത്തിനിടയിൽ എന്തോ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹം ഞങ്ങൾക്കിടയിലെ സംസാരവിഷയം ആയി. അന്ന് ശ്രീവിദ്യ എന്നോട് പറഞ്ഞു, നിങ്ങൾ നോക്കിക്കോ, അദ്ദേഹത്തിന്റെ കഴിവ് കാലം തെളിയിക്കും. കുറച്ചു രംഗങ്ങൾ അദ്ദേഹത്തിനൊപ്പം ചെയ്തതിന്റെ അനുഭവത്തിൽ പറയുകയാണ്, നാളെ അദ്ദേഹം ഒരു സ്റ്റാർ ആകും, വെറും സ്റ്റാർ അല്ല സുപ്പർസ്റ്റാർ. കാലങ്ങൾ കഴിഞ്ഞപ്പോൾ ശ്രീവിദ്യയുടെ വാക്കുകൾ സത്യമാകുകയും ചെയ്തു.