കർഷക പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ നേടിയതോടെ തങ്ങളുടെ നിലപാട് അറിയിച്ചുകൊണ്ട് നിരവധി സെലിബ്രിറ്റികളാണ് രംഗത്തെത്തുന്നത്. മലയാള താരങ്ങളും ഇതിനോടകം അഭിപ്രായം പങ്കുവെച്ചുകഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടൻ ബാബു ആന്റണിയുടെ പോസ്റ്റാണ്. നാടിന്റെ നിലനിൽപ്പിന് അടിസ്ഥാനം യഥാർത്ഥ കർഷകരാണ് എന്നാണ് താരത്തിന്റെ കുറിപ്പ്. താരത്തിന്റെ കുറിപ്പ് പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഏതൊരു നാടിന്റെയും നിലനിൽപ്പിന്റെ അടിസ്ഥാനം യഥാർഥ കർഷകരും അവരുടെ കൃഷിയുമാണ്.’ എന്നാണ് താരം കുറിച്ചത്. ഇതോടെ താരം കർഷക സമരത്തിന് എതിരാണോ എന്ന ചോദ്യം ഉയരുകയാണ്. കർഷകർക്കൊപ്പമെന്ന് പറഞ്ഞുകൊണ്ടാണ് ബാബു ആന്റണി ആദ്യം പോസ്റ്റിട്ടത്. അതിന് പിന്നാലെ പോസ്റ്റ് തിരുത്തുകയായിരുന്നു. ഏതൊരു നാടിന്റേയും നിലനിൽപ്പിന്റെ അടിസ്ഥാനം കൃഷിയാണ്. ഞാൻ കർഷകരുടെ കൂടെയാണ്- എന്നായിരുന്നു ആദ്യം ബാബു ആന്റണി കുറിച്ചത്.
പോസ്റ്റിന് അടിയിൽ താരത്തിന്റെ നിലപാടിനെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. യഥാർത്ഥ കർഷകർ എന്ന് പറഞ്ഞതിലൂടെ കർഷക സമരത്തെ എതിർക്കുകയാണ് താരം എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതിനൊപ്പം കർഷകരെ പിന്തുണച്ചതിന് താരത്തെ പ്രശംസിച്ച് നിരവധി കമന്റുകളും വരുന്നുണ്ട്.
Content Highlight: Babu Antony’s post on FARMER’S PROTEST is getting controversial