കയ്യിൽ ധരിക്കാവുന്ന Contactless payment ഡിവൈസുകൾ പുറത്തിറക്കി Axis Bank. ‘വെയർ എൻ പേ’ എന്ന പേരിൽ പുറത്തിറക്കിയ ഈ ഉപകരണങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സമ്പർക്കരഹിതമായി ഇടപാടുകൾ നടത്താനാകും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ലിങ്ക് ചെയ്ത് ഒരു സാധാരണ ഡെബിറ്റ് കാർഡ് പോലെയാണ് ഇവ പ്രവർത്തിക്കുക. ഇന്ത്യയിൽ ഇത്തരം കോൺടാക്റ്റ്ലെസ് പേയ്മെന്റ് ഉപകരണങ്ങൾ അവതരിപ്പിക്കുന്ന ആദ്യത്തെ ബാങ്കാണ് ആക്സിസ്.
ബാൻഡ്, കീ ചെയിൻ, വാച്ച് ലൂപ്പ് എന്നിങ്ങനെ കയ്യിൽ ധരിക്കാവുന്ന ആക്സസറികളിൽ ഈ ഡിവൈസുകൾ ലഭ്യമാണ്. സൗകര്യമനുസരിച്ച് ഉപഭോക്താക്കൾക്ക് ഇവയിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. അടുത്തുള്ള ആക്സിസ് ബാങ്ക് ബ്രാഞ്ചുകളിൽ നിന്നോ ഫോൺ ബാങ്കിങ് വഴിയോ ഉപഭോക്താക്കൾക്ക് ഡിവൈസുകൾ വാങ്ങിക്കാം. 750 രൂപയാണ് വില. പേയ്മെന്റുകൾക്കായി സ്മാർട്ട്ഫോണും വാലറ്റും കൊണ്ടുപോകേണ്ടതില്ലാ എന്നതാണ് ഈ ഡിവൈസുകൾ കൊണ്ടുള്ള പ്രധാനഗുണം.
ഇന്ത്യയിൽ എവിടെയിരുന്നും സമ്പർക്കമില്ലാതെ എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ ഈ ഉപകരണങ്ങൾ വഴി സാധിക്കും. കോൺടാക്റ്റ്ലെസ് ഇടപാടുകൾ സ്വീകരിക്കുന്ന ഏത് വ്യാപാര സ്റ്റോറിലും ഉപഭോക്താക്കൾക്ക് ഈ ഡിവൈസുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്താം. 5,000 രൂപ വരെയുള്ള ഇടപാടുകൾ നടത്തുമ്പോൾ ഡിസൈവുകൾ പിഒഎസ് മെഷീനിൽ കാണിച്ചാൽ മതി. 5,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് പിൻ ആവശ്യമാണ്. കോൺടാക്റ്റ്ലെസ് പേയ്മെന്റ് ഡിവൈസുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് 10 ശതമാനം ക്യാഷ്ബാക്ക്, ഡൈനിങ് ഓഫറുകൾ എന്നിവ ലഭിക്കും.
Content Highlight: Axis Bank launches portable Contactless payment devicesa