‘ദൃശ്യം 2’ ഒടിടി റിലീസായി എത്തിയതോടെ ജോര്ജ്ജുകുട്ടിയും കുടുംബവും എട്ട് വര്‍ഷങ്ങൾക്ക് ശേഷം മലയാളികളുടെ ഇടയിൽ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്‍ക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 2013ൽ പുറത്തിറങ്ങിയ ‘ദൃശ്യം’ സിനിമയുടെ രണ്ടാം ഭാഗമായാണ് ‘ദൃശ്യം 2’ എത്തിയത്. ആദ്യ ഭാഗത്തിൽ ഉണ്ടെങ്കിലും രണ്ടാം ഭാഗത്തിൽ ഇല്ലാതെ പോയ ഒരാളാണ് ചിത്രത്തിലെ വരുൺ പ്രഭാകര്‍ എന്ന കഥാപാത്രം. ഇപ്പോഴിതാ ‘ദൃശ്യ’ത്തിൽ ജോര്‍ജ്ജുകുട്ടിയുടെ മൂത്ത മകളായ അഞ്ജുവായെത്തിയ അൻസിബ ഹസൻ തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ശേഷം വരുണിനെ കുറിച്ചും സിനിമാപ്രേമികളുടെ ഇടയിൽ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്.
ജോർജുകുട്ടിയും രാജക്കാട് പൊലീസ് സ്റ്റേഷനും അസ്ഥികൂടവുമൊക്കെ അടുത്തിടെയായി സോഷ്യൽമീഡിയയിലുള്‍പ്പെടെ വലിയ ചര്‍ച്ചയാണ്. ഇപ്പോഴിതാ കയ്യിലൊരു അസ്ഥികൂടവുമായുള്ള അൻസിബയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
വരുണിന്റെ അസ്ഥികൂടം രാജാക്കാട് പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ടതായുള്ള വമ്പൻ ട്വിസ്റ്റോടെയായിരുന്നു ദൃശ്യം ആദ്യ ഭാഗം അവസാനിച്ചിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് രാജാക്കാട് പോലീസ് സ്റ്റേഷനിൽ നിന്നു തന്നെയാണ് ദൃശ്യം രണ്ടാം ഭാഗം തുടങ്ങിയതും. രണ്ടാം ഭാഗത്തിലും വരുണിന്റെ അസ്ഥികൂടത്തെ ചുറ്റിപറ്റിയാണ് കഥാ ഗതി നീങ്ങുന്നതും. അതിനിടെയാണ് ഇപ്പോള്‍ ചിത്രത്തിൽ ജോർജ്ജുകുട്ടിയുടെ മകൾ അഞ്ജുവായി വേഷമിട്ട അൻസിബ ഒരു അസ്ഥികൂടത്തോടൊപ്പമുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
Content Highlight: Ansiba Hassan, George Kutty’s eldest daughter in the movie Drishyam 1 and 2, shared a photo shoot on her social media page