കോവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കുടുങ്ങി വീടുകളിലേക്ക് മടങ്ങാന്‍ ബുദ്ധിമുട്ടുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായവുമായി നിരവധി ബോളിവുഡ് സിനിമാതാരങ്ങള്‍ രംഗത്തെത്തുന്നുണ്ട്. ഇക്കാര്യത്തില്‍ നടന് സോനൂ സൂദിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചനാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. അഞ്ഞൂറോളം തൊഴിലാളികള്‍ക്കായി മൂന്ന് വിമാനങ്ങള്‍ സജ്ജീകരിച്ചിരിക്കുകയാണ് താരം.
വാരനാസിയിലേക്ക് പോകേണ്ട തൊഴിലാളികള്‍ക്കാണ് താരത്തിന്റെ സഹായം. ഇന്ന് രാവിലെ ആറ് മണിക്കാണ് ആദ്യ വിമാനം ചാര്‍ട്ട് ചെയ്തിരുന്നത്. യാത്രയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും നടന്റെ നേതൃത്വത്തില്‍ ഉറപ്പാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴിലാളികളെ ട്രെയിനുകളില്‍ വീടുകളിലെത്തിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് സൗകര്യാര്‍ത്ഥം വിമാനം തിരഞ്ഞെടുക്കുകയായിരുന്നു.
നേരത്തെ ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളിലേക്ക് റോഡുമാര്‍ഗ്ഗം തൊഴിലാളികളെ എത്തിക്കാനും ബച്ചന് സഹായിച്ചിരുന്നു. പശ്ചിമബംഗാള്‍, ബിഹാര്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികളെയും വീടുകളിലെത്തിക്കാനുള്ള സൗകര്യം നടന് ഏര്‍പ്പാടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തന്നോട് ഒരോ ആവശ്യത്തിനായി ബന്ധപ്പെടുന്ന ആളുകള്‍ക്ക് മറുപടി നല്‍കുന്നതിലും ബച്ചൻ മടി കാണിക്കുന്നില്ല. ട്വീറ്റുകള്‍ക്കും മറ്റും താരം വ്യക്തമായി മറുപടി നല്‍കുന്നുണ്ട്. തമാശകളെ അങ്ങനെയും താരം നേരിടുന്നുണ്ട്. ജനങ്ങളെ അവരുടെ വീട്ടിലേക്ക് എത്തിക്കുമ്പോള്‍ തനിക്ക് സന്തോഷം തോന്നുമെന്നും ആത്മസംതൃപ്തി ലഭിക്കുമെന്നാണ് ബച്ചൻ പറയുന്നത്. അതിന് വേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും തയ്യാറാണെന്നും അദ്ദേഹം പറയുന്നു.