സൈബീരിയയിലെ ബർണോൾ മൃഗശാലയിലെ വീറ്റസ് എന്ന കടുവക്കുട്ടിയാണ് ഇപ്പോൾ താരം. കടുവക്കുട്ടിയുടെ ‘മിമിക്രി’ കഴിവാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റായി മാറുന്നത്. കിളികളുടെ ശബ്ദത്തിൽ പാടുന്നതാണ് വീറ്റസിന്റെ പ്രധാന സവിശേഷത. ഇതിന്റെ വീഡിയോ വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതോടെ എട്ട് മാസം മാത്രം പ്രായമുള്ള വീറ്റസിന് ഇപ്പോൾ ലോകമെമ്പാടും ആരാധകരുമുണ്ട്.
ഇത്രയൊക്കെ പറയുമ്പോൾ കടുവകൾക്ക് പാട്ടുപാടാൻ ആവുമോ എന്ന് ചോദ്യം ഉയർന്നേക്കാം. എന്നാൽ കിളികളുടെ ശബ്ദത്തിൽ മെലോഡിയസായി തന്നെ പാടാനാവും എന്ന് വീറ്റസ് കാട്ടിത്തരും. സ്വന്തം ശബ്ദം മാറ്റി കിളികളുടേതിന് സമാനമായ രീതിയിലാണ് വീറ്റസിന്റെ പാട്ടു പാടൽ.
വീറ്റസിന്റെ ഈ വിചിത്ര സ്വഭാവത്തിന് ഒരു പ്രത്യേക കാരണവുമുണ്ടെന്നു മൃഗശാല അധികൃതർ പറയുന്നു. അമ്മയായ ബഗീരയുടെ ശ്രദ്ധ മറ്റു മക്കളിൽനിന്നും തന്നിലേക്ക് മാത്രം എത്തുന്നതിനു വേണ്ടിയാണ് ഈ സൂത്രവിദ്യ. അമ്മക്കടുവ മറ്റു മക്കൾക്കൊപ്പം ഇടപഴകുന്ന സമയത്ത് വീറ്റസ് ഏതെങ്കിലും മൂലയിലേക്ക് മാറി ഒറ്റക്കിരിക്കും. എന്നിട്ട് തന്റെ ‘മിമിക്രി’യിലൂടെ അമ്മയെ വിളിച്ചു തുടങ്ങും. ബഗീര മറ്റു മക്കളുടെ അടുത്തുനിന്ന് മാറി അരികിലേക്കെത്തുന്നതുവരെ വീറ്റസ് പാട്ട് തുടരും.
അമ്മയുടെ ശ്രദ്ധയാകർഷിക്കാൻ പ്രത്യേക മിടുക്കാണ് വീറ്റസിനുള്ളതെന്ന് മൃഗശാലയിലെ ജോലിക്കാർ പറയുന്നു. ജനിച്ച് അധികനാൾ കഴിയും മുമ്പ് തന്നെ ഈ പ്രത്യേകത ശ്രദ്ധയിൽപ്പെട്ടതിനാൽ വ്യത്യസ്ത ശബ്ദങ്ങളിൽ പാടുന്ന റഷ്യൻ ഗായകനായ വീറ്റസിന്റെ പേര് കടുവക്കുട്ടിക്ക് നൽകുകയായിരുന്നു.
അമുർ ഇനത്തിൽപ്പെട്ട കടുവയാണ് വീറ്റസ്. കടുവ വർഗത്തിൽ തന്നെ ഏറ്റവും വലിപ്പമുള്ളവ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമുർ കടുവകൾ വംശനാശ ഭീഷണി നേരിടുന്ന ഇനം കൂടിയാണ്. കിഴക്കൻ റഷ്യയിലെ വനാന്തരങ്ങളിൽ അറുനൂറോളം അമുർ കടുവകൾ മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് കണക്കുകൾ.
Content Highlight: Viral ‘mimicry’ of the tiger cub named Vitus from the Bernol Zoo in Siberia