നിരവധി പട്ടാള ചിത്രങ്ങളിലൂടെ രാജ്യസ്നേഹത്തിന്റെ കഥ പറഞ്ഞ സംവിധായകൻ ആണ് മേജർ രവി. പട്ടാളത്തിലും മേജറായി ജോലി നോക്കിയ താരം നിരവധി തവണ പട്ടാളക്കാരുടെ ജീവിതം സിനിമയാക്കി അവതരിപ്പിക്കുകയും പ്രേക്ഷകരെ കരയിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. മോഹനലാലിനൊപ്പം നിരവധി പട്ടാള ചിത്രങ്ങൾ മേജർ രവി അവതരിപ്പിക്കുകയും അവയെല്ലാം ആരാധകരുടെ ഇടയിൽ വലിയ തരംഗം ഉണ്ടാക്കുകയും ചെയ്തിരുന്നു. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ്, കര്‍മ്മയോദ്ധ തുടങ്ങിയ സിനിമകൾ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ച വിഷയം ആയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പട്ടാള കഥയുമായി എത്തുകയാണ് മേജർ രവി.
ഇന്ത്യ-ചൈന സംഘർഷ കഥ പറഞ്ഞു കൊണ്ടാണ് ഇത്തവണ മേജർ രവി എത്തുക. ബിഡ്ജ് ഓഫ് ഗാല്‍വൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയോട് കൂടി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാൻ ആണ് താരത്തിന്റെ തീരുമാനം. കോവിഡ് ഭീതിയുള്ള പശ്ചാത്തലം ആയതിനാൽ ആണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഷൂട്ടിങ് തുടങ്ങൽ ബുദ്ധിമുട്ടുള്ളത് എന്നും താരം പറഞ്ഞു. ചൈനയുടെ പ്രകോപനവും ഇപ്പോഴത്തെ ഏകപക്ഷീയ ആക്രണവും കേന്ദ്രീകരിച്ചായിരിക്കും സിനിമ ഒരുക്കുകയെന്ന് മേജർ രവി വെളിപ്പെടുത്തി.
കഴിഞ്ഞ ചിത്രങ്ങളിലേത് പോലെ ഈ സിനിമയിലും മോഹൻലാൽ ആയിരിക്കും നായകനായി എത്തുക എന്നാണ് ആരാധകരുടെ നിഗമനം. എന്നാൽ ഈ കാര്യത്തിൽ ഇത് വരെ ഒരു പ്രതികരണവും സംവിധായകന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സിനിമയുടെ കാസ്റ്റിംഗ് തുടങ്ങിയിട്ടില്ല എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. മോഹന്‍ലാല്‍ നായകനായ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ് എന്ന ചിത്രമാണ് മേജര്‍ രവിയുടെതായി മലയാളത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്.