മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ ലോറൻസ് റിലീസ് ചെയ്തു .
നടൻ ചിമ്പു ആലപിച്ച ” എൻ മാറു മേലെ സൂപ്പർ സ്റ്റാർ … എൻ നരമ്പുക്കുള്ളേ സൂപ്പർ സ്റ്റാർ… എൻ ഉസുറുക്കുള്ളേ സൂപ്പർ സ്റ്റാർ … സുമ്മാ ഗെത്താ സൊൽവോം സൂപ്പർ സ്റ്റാർ !” എന്ന ഈ ഗാനം യു ട്യൂബിൽ തരംഗമായി മുന്നേറുകയാണ്. വൻ വരവേൽപ്പാണ് ഇതിനു ലഭിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യവും വെളിപ്പെടുത്തിയിരിക്കയാണ് അണിയറക്കാർ .
കമലഹാസൻ നയിച്ച ‘ ബിഗ് ബോസ് 3 ‘ ലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹരമായി മാറിയ ലോസ്ലിയാ മരിയനേശൻ ചിത്രത്തിലെ നായിക. മലയാളത്തിൽ നിന്നും മൂല കഥ മാത്രം കടമെടുത്ത് ഹർഭജൻ സിംഗിനും അർജ്ജുനും യോജിക്കും വിധം തിരക്കഥയിൽ പൂർണമായ മാറ്റം വരുത്തിയതായി സംവിധായകരായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവർ വെളിപ്പെടുത്തി. ഡി.എം .ഉദയ കുമാറാണ് സംഗീത സംവിധായകൻ .ശാന്തകുമാർ .സി യാണ് ക്യാമറ.മലയാളത്തിൽ വൻ വിജയം നേടിയ “ക്യൂൻ ” എന്ന സിനിമയുടെ പുനരാവിഷ്ക്കാരമത്രെ ‘ഫ്രണ്ട്ഷിപ്പ് ‘. ഹിന്ദി ,തമിഴ് ,തെലുങ്ക് എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്ന ചിത്രത്തിൽ അർജ്ജുനാണ് നായകനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ഫ്രണ്ട് ഷിപ്പിൽ ദക്ഷിണേന്ത്യൻ അഭിനേതാക്കളായ അർജ്ജുൻ ,സതീഷ് എന്നിവരെ കൂടാതെ ബോളിവുഡ് സിനിമയിലെ പ്രമുഖ താരങ്ങളും അണി ചേർന്നിട്ടുണ്ടെന്ന് അണിയറക്കാർ പറഞ്ഞു. എൺപതു ശതമാനത്തിലേറെ ചിത്രീകണം പൂർത്തിയായ ‘ഫ്രണ്ട്ഷിപ്പ് ‘ ലോക്ക്ഡൗൺ കഴിഞ്ഞയുടൻ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് നിർമ്മാതാക്കൾ .