വീണ്ടുമൊരു പ്രളയം നല്കിയ ആഘാതത്തിൻ്റെ മുറിവുകളുണങ്ങിവരുന്ന സന്ദർഭത്തിൽ , കടന്നു വരുന്നുവെന്നതാണ് രൗദ്രം 2018 എന്ന ജയരാജിന്റെ ചലച്ചിത്രത്തെ കൂടുതൽ സമകാലിക പ്രസക്തമാക്കുന്നത്.
ജയരാജിൻ്റെ നവരസപരമ്പരകളിലെ രൗദ്രത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ കൂടിയാണ് രൗദ്രം. മഴയെ കൂട്ടുപിടിച്ചു കൊണ്ടാണ് ഇദ്ദേഹം രൗദ്രത്തെ പ്രേക്ഷകൻ്റെ മുന്നിലേക്ക് അവതരിപ്പിക്കുന്നത്. 2018ലെ പ്രളയകാലത്ത് ചെങ്ങന്നൂർ ഭാഗങ്ങളിലെ പ്രവാസി കുടുംബങ്ങളിലെ വൃദ്ധ ദമ്പതിമാർ പലരും പുറത്തിറങ്ങുവാനാകാതെ കുടുങ്ങിപ്പോയ കഥകൾ മാധ്യമങ്ങളിലൂടെ ഏറെ നാം കണ്ട കാഴ്ചകളിലൊന്നായിരുന്നു. ഇത്തരമൊരു കാഴ്ചയുടെ അരികുപറ്റിക്കൊണ്ട് പ്രളയത്തിൻ്റെ രൗദ്രഭാവത്തെ അന്വേഷിക്കുകയാണ് ജയരാജ് .
ഭയാനകത്തിനു ശേഷം വീണ്ടും രഞ്ജി പണിക്കർ മുഖ്യവേഷത്തിലെത്തുന്ന ജയരാജ് ചലച്ചിത്രം കൂടിയാണ് രൗദ്രം. സ്ഥിരം മുഖങ്ങൾക്കപ്പുറം പുതുമുഖങ്ങളെ അവതരിപ്പിക്കുവാൻ എപ്പോഴും ഏറെ താല്പര്യം പ്രകടിപ്പിക്കുന്ന ഈ സംവിധായകൻ ഈ സിനിമയിലൂടെ മുഖ്യ കഥാപാത്ര വേഷത്തിൽ കെ പി എ സി യുടെ ഒരു കാലത്തെ സ്റ്റേജുകളിൽ തിളങ്ങി നിന്നിരുന്ന കെ പി എ സി ലീലയെ ക്കുടി കൊണ്ടുവരുന്നുവെന്നത് രൗദ്രത്തിന്റെ മറ്റൊരു വേറിട്ട കാഴ്ചയാണ്.
വീണ്ടും തൻ്റെ അഭിനയ മികവ് കൊണ്ട് കാണിക്കുകയാണ് രഞ്ജി പണിക്കർ. സിനിമയുടെ തുടക്കം മുതലുള്ള തൻ്റെ പ്രത്യക്ഷപ്പെടൽ മുതൽ പണിക്കർ ഇ തടയാളപ്പെടുത്തുന്നുണ്ട്. കെ പി എ സി ലീലയുടെ സഹധർമിണിയുടെ റോളും വേലക്കാരി പെണ്ണമ്മയുടെ റോൾ മനോഹരമാക്കിയ സബിത ഇയരാജുമെല്ലാം കഥാപാത്രത്തോട് കാണിക്കുന്ന അറ്റാച്ച്മെൻററിനെ എടുത്തു പറയേണ്ടതാണ്.
ഇതു പോലെ സിനിമയുടെ കാഴ്ചക്കു ശേഷവും മനസ്സിൽ തങ്ങി നില്ക്കുന്ന കഥാപാത്രമാണ് നെടുമ്പാശ്ശേരിയിൽ നിന്ന് വൃദ്ധ ദമ്പതികളെ കൊണ്ടു പോകുവാൻ വരുന്ന ടാക്സി ഡ്രൈവർ. ഈ സിനിമയിലെ ഏറ്റവും മനോഹരമായ കഥാപാത്രവും അഭിനേതാവുമാണ് ഈ ടക് സി ഡ്രൈവർ. മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ നടൻ കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പനാണ് ഈ നടൻ എന്നറിയുമ്പോഴാണ് ഈ കഥാപാത്രം നമ്മോട് കൂടുൽ സമീപസ്ഥനാകുന്നത്.
അമേരിക്കയിലെ മക്കളുടെ അടുത്തേക്ക് പോകുവാൻ വേണ്ടി നെടുമ്പാശ്ശേരിയിലേക്ക് പോകുന്ന പാർക്കിൻ സൺസ്രോ ഗി’യായ റിട്ടേയേർഡ് സയൻ്റിസ്റ്റായ വൃദ്ധനും ഭാര്യ മേരിക്കുട്ടി എന്ന റിട്ടേയേർഡ് ടീച്ചറും എയർപോർട്ട് അടച്ചതിനെ തുടർന്ന് രാത്രിയിൽ തിരിച്ചു വീട്ടിലെത്തുന്നു. വെള്ളം കയറിയതിനെ തുടർന്ന് ഇരുവരും വീടിൻ്റെ മച്ചിലേക്ക് കയറി രക്ഷപ്പെടുന്നു, എന്നാൽ പുറം ലോകത്തുള്ളവർ ഇവർ തിരിച്ചു വന്നതറിയുന്നില്ല.
ഭക്ഷണം പോലുമില്ലാതെ മണിക്കൂറുകൾ തള്ളി നീക്കുന്നതിനിടെ പിറ്റേ ദിവസം ഭാര്യ മേരിക്കുട്ടി വീട്ടിനുള്ളിൽ പൊങ്ങിയ വെള്ളത്തിലേക്ക് വീഴുന്നു. പക്ഷേ ഇത് ഭർത്താവ് അറിയുന്നില്ല. അയാൾ മച്ചിലെ ഒരു ഉത്തരത്തിന്റെ മുകളിൽ കയറി നിന്ന് രക്ഷപ്പെടുന്നു. എന്നാൽ രണ്ട് ദിവസം കഴിയുമ്പോൾ മേരിക്കുട്ടിയുടെ ജീർണിച്ച മൃതദേഹം വെള്ളത്തിൽ പൊങ്ങി വരുന്നതോടെ കഥാനായകൻ താഴേക്ക് ഇറങ്ങി വരികയാണ്.
നവ രസങ്ങളിലെ രൗദ്രമാണ് ഈ സിനിമയുടെ അടിസ്ഥാനമെന്ന് ജയരാജിൻ്റെ വാക്കുകളിലൂടെ തന്നെ പലപ്പോഴും കേട്ടിരുന്നത്. എന്നാൽ 2018ലെ പ്രളയത്തിൻ്റെ രൗദ്രഭാവത്തിലേക്ക് പോകുമെന്ന തോന്നൽ ആദ്യം ഉണ്ടാക്കുന്നുവെങ്കിലും കുറച്ചു സമയം കഴിയുന്നതോടെ, സിനിമയുടെ മൂഡ് മാറുകയാണ്. അത് രണ്ട് വൃദ്ധ ദമ്പതികളുടെ സ്നേഹത്തിലൂടെ ശൃംഗാരത്തിലേക്കെത്തുകയാണ്.
ഇടയ്ക്ക് പ്രളയത്തിൻ്റെ ഭീകരത എന്ന് തോന്നിപ്പിക്കാവുന്നത്. മുഖ്യ കഥാപാത്രമായ കെ പി എ സി ലീല മച്ചിലെ ചെറിയ ദ്വാരത്തിലൂടെ പുറത്തേക്ക് നോക്കുമ്പോഴുള്ള മലവെള്ളപാച്ചിൽ മാത്രമാണ്, പക്ഷേ, അതും ഇവരുടെ വീടിന് പുറത്തെ തൊട്ടടുത്തെ കാഴ്ച എന്നതിനപ്പുറം മറ്റെവിടെയോ നടക്കുന്ന ഒന്നായിട്ടാണ് തോന്നുക. ഇതു പോലെ ഇവരുടെ വീട്ടിൽ വെള്ളം പൊങ്ങുന്നതും മറ്റും കാണിക്കുമ്പോൾ ഒരു നാച്വറാലിറ്റി ഫീൽ ചെയ്യുന്നതിനപ്പുറം ഒരു കൃത്രിമത്വമാണ് ഫീൽ ചെയ്യുന്നത്.
അതുപോലെ മച്ചിൽ കയറി മിനിറ്റുകൾക്കകം രണ്ട് പേരുടെയും വസ്ത്രം മുഷിയുന്നതുമെല്ലാം , കഥാപാത്രങ്ങളെലൂടെ ഉണ്ടാകണ്ടുന്ന ഒരു ജീവിതതാളം ഇല്ലാതെ പെട്ടെന്ന് ഉള്ള കൃത്രിമമായ തട്ടിക്കൂട്ടലായാണ് തോന്നുന്നത്. മഴയുടെ രൗദ്രതയ്ക്കപ്പുറം സിനിമ രണ്ടു പേരുടെ പഴയ നൊസ്റ്റാൾജിയയിലേക്ക് പോകുന്നതോടെ മുഖ്യ രസത്തിൽ നിന്ന് കൈവിട്ടു പോകുകയാണ്.
എങ്കിലും ക്യാമറാമാൻ്റെ പല സാഹസങ്ങളും കൈയടി നേടുന്നവയാണ്.
മലയാളക്കരയിലെ പ്രേക്ഷകരിലെത്തുന്നതിന് മുൻപേ തന്നെ മാഡ്രിഡ് ഇൻ്റര്ഷണൽ ഫിലിം ഫെസ്റ്റിവലിൽ നല്ല നടൻ, നല്ല തിരക്കഥ എന്നിവക്കും ബീജിംഗ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നല്ല ക്യാമറമാൻ, കൈറോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിങ്ങനെ വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ഏറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട് രൗദ്രം 2018.