ലോക്ക് ഡൗണിന്റെ തുടർന്ന് മാർച്ച 10 നു നിർത്തിവെച്ച ചിത്രം സുനാമിയുടെ ഷൂട്ടിങ് പുനരാരംഭിച്ചു. ലാലും മകനും ആദ്യമായി ഒന്നിച്ചു സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് സുനാമി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം ആരംഭിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്. എറണാകുളം കച്ചേരിപ്പടിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുനരംഭിച്ചിരിക്കുകയാണ്. 14 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.
ലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലാലിന്റെ മരുമകന് അലന് ആന്റണിയാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധത്തില്‍ 50 പേര് മാത്രമാണ് ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നത്. തെര്‍മല്‍ സ്കാനര്‍, മാസ്കുകള്‍, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചാണ് ചിത്രീകരണം. ബാലു വര്‍ഗീസാണ് നായകന്. കൂടാതെ ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുനാമി എന്ന ഇംഗ്ലീഷ് വാക്ക് ആദ്യമായി കേട്ട് തുടങ്ങിയപ്പോൾ മലയാളിക്കുണ്ടായ ഒരു സംശയമാണ് ഇത് സുനാമിയാണോ അതോ Tസുനാമിയാണോ എന്നത്. ആ സംശയം തന്നെയാണ് സിനിമയുടെ ടൈറ്റിലാക്കിയിരിക്കുന്നത്. നിഷ്കളങ്കമായ ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയുള്ള കഥ എന്നുള്ളതാണ് സിനിമയുടെ ടാഗ്ലൈൻ. ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ, എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം യാക്സൻ ഗാരി പെരേര & നേഹ നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂപ് വേണുഗോപാൽ എന്നിവരാണ്.
ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഫെബ്രുവരി 25 മുതലാണ് സിനിമയുടെ ചിത്രീകരണം തൃശൂർ, ഇരിങ്ങാലക്കുട ഭാഗങ്ങളിലായി ആരംഭിച്ചത്. എന്നാൽ ലോക്ക് ഡൗൺ ശക്തമായതോടുകൂടി മാർച്ച് 10 നു ഷൂട്ടിങ് നിർത്തിവെക്കുകയായിരുന്നു. നാളുകൾക്കിപ്പുറം ഇപ്പോഴാണ് ചിത്രീകരണം പുരാനാരംഭിക്കാൻ കഴിഞ്ഞത്. സുനാമിയുടെ ചിത്രീകരണം ആരംഭിച്ചതോടെ പ്രതീക്ഷയിലാണ് മുടങ്ങി കിടക്കുന്ന മറ്റ് ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും. ലോക്ക് ഡൌൺ ഇളവുകളുടെ ഭാഗമായി ഇൻഡോർ ഷൂട്ടിങ് അനുമതി സർക്കാർ നേരുത്തേനൽകിയിരുന്നു. എന്നാൽ ഔട്ഡോർ ഷൂട്ടിങ്ങിനുള്ള അനുമതി കൂടി നൽകിയാലേ ഷൂട്ടിങ് ആരംഭിക്കുവെന്നു നിർമ്മാതാക്കൾ പറഞ്ഞിരുന്നു. ശേഷം താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ സംഘടനയുടെ ആവിശ്യവും താരങ്ങളുടെ സംഘടനയായ ‘അമ്മ പരിഗണിച്ചിരുന്നു.