സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമയായ പടവെട്ടിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സണ്ണി വെയ്ൻ. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘പടവെട്ട്’ എന്നാണ്. നേരത്തേ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ഒരു നാടകത്തിന്റെ പ്രൊഡക്ഷന്‍ ചെയ്തിരുന്നു. ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ എന്ന ആ നാടകവും സംവിധാനം ചെയ്തത് ലിജു കൃഷ്ണ ആയിരുന്നു.ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച നാടകമായിരുന്നു മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും ‘പടവെട്ട്’.
ലിജു കൃഷ്ണ തന്നെ രചന നിർവഹിച്ചിരിക്കുന്ന പടവെട്ടിൽ നിവിൻ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അൻവർ അലിയുടേതാണ് വരികൾ.സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ ആദ്യ ചുവടുപ്പിനു ലഭിച്ച സ്വീകാര്യത വിലമതിക്കാനാവാത്തതാണെന്നും, നല്ല സിനിമക്കായുള്ള അന്വേഷണമാണ് പടവെട്ടിൽ എത്തി നിൽക്കുന്നതെന്നും സണ്ണി വെയിൻ പറഞ്ഞു. വളരെ ശക്തവും ക്രിയാത്മകവുമായ ഒരു ഉദ്യമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷവും സണ്ണി വെയിൻ പങ്കുവെച്ചു. അരുവി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ നേടിയിട്ടുള്ള അദിതി ബാലൻ നായിക വേഷത്തിൽ എത്തുന്ന ആദ്യ മലയാള സിനിമ കൂടിയാണ് പടവെട്ട്.
ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നീ പേരുകൾക്കൊപ്പം സുപ്രധാനമായ ഒരു ഭാഗമായി മഞ്ജു വാരിയറുമുണ്ട്. ദീപക് ഡി മേനോൻ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും ആണ് കൈകാര്യം ചെയ്യുന്നത്. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുൺ ആർട് ഡയറക്ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും, ജാവേദ് ചെമ്പ് നിർമ്മാണ നിയന്ത്രണവും നിർവഹിച്ചിരിക്കുന്നു. ബിബിൻ പോൾ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കൊറോണ പ്രതിസന്ധിയെ തരണം ചെയ്തു മലയാള സിനിമ ലോകം ഉയർത്തെഴുന്നേൽക്കുമ്പോൾ മുൻപന്തിയിൽ തന്നെ പടവെട്ടും കാണുമെന്നാണ് സണ്ണി വെയിൻ പറഞ്ഞിരിക്കുന്നത്.