ലോക്ക് ഡൌൺ കാലത്ത് ചരിത്രത്തിൽ ആദ്യമായി ഒരു മലയാള ചിത്രം തീയേറ്ററുകളിൽ അല്ലാതെ ഒടിടി പ്ലാറ്റ് ഫോമിൽ റിലീസിന് ഒരുങ്ങുകയാണ്. ജയസൂര്യയും അഥിതി റാവുവും മുഖ്യ വേഷത്തിൽ എത്തിയ സൂഫിയും സുജാതയും എന്ന ചിത്രമാണ് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്താൻ പോകുന്നത്. ജൂലൈ 2 നു ആണ് ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുക. ആമസോൺ പ്രൈമിലൂടെ തൻ്റെ പുതിയ ചിത്രമായ സൂഫിയും സുജാതയും റിലീസ് ചെയ്യുന്ന വിവരം ജയസൂര്യ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ചിത്രത്തിൻ്റെ ആമസോൺ പ്രൈം റിലീസിൻ്റെ പോസ്റ്ററും ജയസൂര്യ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നരണിപ്പുഴ ഷാനവാസ് ആണ്. അനു മൂത്തേടത്താണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം എം ജയചന്ദ്രനാണ്.
എന്നാൽ ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് ബാബുവിന്റെ ഈ തീരുമാനത്തിന് ശക്തമായി എതിർത്തുകൊണ്ട് നിരവധി പേര് എത്തിയിരുന്നു. ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച പോലും നടത്താതെയാണ് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു സിനിമ ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിന്റും തീയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ ഇതിൽ വിജയ് ബാബു പ്രതികരിച്ചത് ഇങ്ങനെ, ‘ചരിത്രം തിരുത്തിക്കുറിക്കുകയാണ്. അതിന്റെ ഒരു ഭാഗമാകാൻ എനിക്കും സാധിച്ചു. ഇതൊരു അതിജീവനമാണ്. ഇങ്ങനെയൊരു നീക്കത്തിൽ ലാഭമല്ല നമുക്ക് നോക്കേണ്ടത്. ലോകമൊട്ടാകെയുള്ള സിനിമാ ഇൻഡസ്ട്രി ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. കോടികൾ മുടക്കിയ പല സിനിമകളും എന്നു റിലീസ് ചെയ്യുമെന്ന് പോലുമറിയാതെ നിൽക്കുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരം പ്ലാറ്റ്ഫോമുകൾ വലിയ സഹായം തന്നെയാണ്. ഇതൊരു പോരാട്ടമാണ്. അതിജീവനമായി മാത്രമാണ് ഇങ്ങനെയൊരു റിലീസിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത്.’
നേരത്തെ മോഹൻലാലിൻ്റെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫർ അൻപതാം ദിവസം ആമസോൺ പ്രൈമിൽ എത്തിയിരുന്നു. എന്നാൽ തീയേറ്ററിൽ എത്താതെ ഒരു ചിത്രം നേരിട്ടൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത് മലയാളത്തിൽ ആദ്യമായാണ്. കൊവിഡിൻ്റെ ആദ്യഘട്ടത്തിൽ ചലച്ചിത്രമേഖല പൂർണമായും സ്തംഭിച്ചെങ്കിലും മൂന്നാം ഘട്ടത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കും മറ്റു സ്റ്റുഡിയോ ജോലികൾക്കും സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.
ലോകത്തെ തന്നെ വലിയ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നായ ആമസോൺ പ്രൈം വഴി ഏഴ് സിനിമകളാണ് ഇന്ത്യയിൽ ഡിജിറ്റൽ പ്രീമയറിന് ഒരുങ്ങുന്നത്.ഇതിൽ ജ്യോതിക നായികയായി എത്തിയ തമിഴ് ചിത്രം പൊൻമകൾ വന്താൽ ആയിരുന്നു ആദ്യ ഡിജിറ്റൽ റിലീസ്. മെയ് 29നാണ് ചിത്രം ഓൺലൈൻ റിലീസ് ചെയ്തത്. അമിതാഭ് ബച്ചൻ–ആയുഷ്മാൻ ഖുറാന ടീമിന്റെ ഗുലാബി സിതാബോ ഇന്ന് റിലീസ് ചെയ്തു.