ഗാന രചയിതാവും പ്രശസ്ത സംഗീതസംവിധായകന് എം.ജി രാധാകൃഷ്ണന്റെ ഭാര്യയുമായ പത്മജ രാധാകൃഷ്ണന് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി പത്മജ രാധാകൃഷ്ണന് വരികളെഴുതിയിട്ടുണ്ട്. എം ജി രാധാകൃഷ്ണന് സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങള്‍ രചിച്ചിരുന്നു.തിരുവനന്തപുരത്തെ സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു.
പ്രശസ്ത സിനിമാ പിന്നണി ഗായകന് എംജി ശ്രീകുമാര്‍, സംഗീതജ്ഞ കെ. ഓമനക്കുട്ടി, എന്നിവര്‍ ഭര്‍തൃ സഹോദരങ്ങളും പ്രശസ്ത ഓഡിയോഗ്രാഫര്‍ എം.ആര്. രാജാകൃഷ്ണന്, കാര്‍ത്തിക എന്നിവര്‍ മക്കളും ആണ്. പരേതരായ ടി.ടി.നീലകണ്ഠൻ നായർ – എം.പി.അമ്മുക്കുട്ടിയമ്മ എന്നിവരുടെ മകളാണ്. 1970 കളിൽ വഴുതയ്ക്കാട് വിമൻസ് കോളജിൽ വിദ്യാർഥികളായിരിക്കെ ‘ടാലന്റഡ് ട്വിന്‍സ്’ എന്ന പേരിൽ സർവകലാശാല കലോത്സവങ്ങളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു ഇരട്ടസഹോദരികളായ പത്മജയും ഗിരിജയും. കഥകളെഴുതി സാഹിത്യലോകത്താണ് ഗിരിജ ശ്രദ്ധ നേടിയത്. ഇരുവരും നൃത്തവേദികളിലും ചിത്രരചനയിലും ഏറെ മികവുകാട്ടി. 2018 ൽ ഗുരുഗോപിനാഥിന്റെ നൂറ്റിയൊൻപതാം ജന്മദിനാഘോഷത്തിൽ ഇരുവരും നൃത്തവേദിയിൽ ഒരുമിച്ചെത്തിയിരുന്നു. കുട്ടിക്കാലം മുതൽ കൊണ്ടുനടന്ന മോഹമായ ഗീതോപദേശത്തിലെ കൃഷ്ണന്റെയും അർജുനന്റെയും വേഷത്തിൽ ഇരുവരും ഇതിനായി ചിലങ്കയണിയുകയും ചെയ്തു.
റിട്ട.എൻജിനീയർ ഇ.രവീന്ദ്രനാഥിന്റെ ഭാര്യയായിരുന്ന സഹോദരി ഗിരിജ രവീന്ദ്രനാഥൻ ഇക്കഴിഞ്ഞ ഡിസംബറിൽ ഡെങ്കിപ്പനിയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്തരിച്ചത്. മറ്റു സഹോദരങ്ങൾ: പരേതയായ രാജലക്ഷ്മി, പരേതനായ എം.പി.ചന്ദ്രശേഖരൻ(റിട്ട.പ്രിൻസിപ്പൽ, റീജിയനൽ എൻജിനീയറിങ് കോളജ്, കോഴിക്കോട്), ഡോ.എം.പി.ദിവാകരൻ(ഫിസിഷ്യൻ), എം.പി.മുരളീധരൻ(റിട്ട. ജിയോളജിസ്റ്റ്). സോഷ്യല്‍ മീഡിയകളില്‍ നിറസാനിദ്ധ്യമായിരുന്നു പത്മജ. മക്കള്‍ ദുബായില്‍ നിന്നും എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ തീരുമാനിക്കുക. 2010 ജൂലൈ രണ്ടിനാണ് എംജി രാധാകൃഷ്ണന് അന്തരിച്ചത്.