നായകവേഷത്തില്‍ നിന്ന് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ പൃഥിരാജിന്റെ ആദ്യ സിനിമയായിരുന്നു ലൂസിഫര്‍. ആദ്യ സിനിമ തന്നെ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷമുള്ള രജനീകാന്തിന്റെ പ്രതികരണം വലിയ സന്തോഷത്തോടെയാണ് പൃഥിരാജ് വെളിപ്പെടുത്തുന്നത്. സിനിമ കണ്ടതിന് ശേഷം രജനികാന്ത് വിളിക്കുകയും തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ അവസരം തന്നുവെന്നുമാണ് പൃഥിരാജ് വെളിപ്പെടുത്തിയിരിക്കുന്നത്. രജനി സാർ ശരിക്കും ഒരു അണ്ടർറേറ്റഡ് ആക്ടർ ആണ്.
അദ്ദേഹം ഒരു ഗംഭീരം നടനാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ദളപതി പോലുള്ള സിനിമകൾ കാണുമ്പോൾ നമുക്കത് മനസ്സിലാക്കും. എനിക്ക് രജനി സാറുമായി ഒരു പഴ്സനൽ ബന്ധമുണ്ട്. പണ്ട് ഞാൻ കോഴിക്കോട് കാക്കി എന്ന സിനിമയിൽ അഭിനയിക്കുന്ന സമയമാണ്. ഒരു ദിവസം രാവിലെ എണീറ്റ് ജിമ്മിൽ പോകാൻ ഒരുങ്ങുമ്പോൾ ചെന്നൈയിലെ ലാൻഡ് ലൈൻ നമ്പറിൽ നിന്ന് ഒരു കോൾ വന്നു. ആ നമ്പറിൽ നിന്ന് തലേന്ന് രാത്രിയും ഒരുപാട് കോളുകൾ വന്നിരുന്നു. ഫോൺ സൈലന്റിൽ ആയിരുന്നതിനാൽ ഞാൻ അതറിഞ്ഞിരുന്നില്ല. വീണ്ടും അതേ നമ്പറിൽ നിന്ന് കോൾ വന്നപ്പോൾ ഞാൻ അറ്റൻഡ് ചെയ്തു. അപ്പുറത്തു നിന്നൊരാൾ രജനി സാറ്ക്ക് പേശണം എന്നു പറഞ്ഞു. അപ്പോഴും ഞാൻ അതൊന്നും വിശ്വസിച്ചിരുന്നില്ല. പത്തു സെക്കൻഡ് കഴിഞ്ഞ് രജനി സാർ ഫോണിൽ വന്നു. അദ്ദേഹം തലേന്ന് മൊഴി എന്ന സിനിമ കണ്ടിട്ട് വന്ന് എന്നെ വിളിച്ചതായിരുന്നു. അരമുക്കാൽ മണിക്കൂർ അദ്ദേഹം എന്നോട് സംസാരിച്ചു. അദ്ദേഹത്തിന് ആ കോൾ വിളിച്ചിട്ട് ഒന്നും കിട്ടാനില്ല. കണ്ണാ എന്നൊക്കെയാണ് അദ്ദേഹം വിളിച്ചിരുന്നത്. പൃഥ്വി പറഞ്ഞു.
ലൂസിഫർ റിലീസായതിനു ശേഷവും അദ്ദേഹം എന്നെ വിളിച്ചിരുന്നു. രജനി സാറിന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള അവസരം അദ്ദേഹം എനിക്കു തന്നു. പക്ഷേ നിർഭാഗ്യവശാൽ ആടുജീവിതം എന്ന സിനിമ കാരണം എനിക്കതു ചെയ്യാൻ സാധിച്ചില്ല. എന്റെ ജീവിതത്തിൽ ഇത്ര വലിയൊരു സോറി നോട്ട് മറ്റാർക്കും ഞാൻ അയച്ചിട്ടില്ല. അദ്ദേഹത്തിന്റെ മകൾ ഐശ്വര്യയ്ക്കാണ് ഞാൻ അതയച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുവർണാവസരവും ഭാഗ്യവുമാണ് ഇൗ അവസരം. പക്ഷേ മറ്റൊരു സിനിമയ്ക്കായി ഞാൻ സമയം മാറ്റി വച്ചതു കൊണ്ട് എനിക്കതിന് സാധിക്കില്ല എന്നു പറഞ്ഞു. ഇനി എന്നെങ്കിലും അങ്ങനെയൊരു അവസരം എനിക്ക് ലഭിക്കട്ടെ.പൃഥ്വി കൂട്ടിച്ചേർത്തു.